Mathrubhumi
21 March 2022
ലോകം പരപ്പനങ്ങാടിയായപ്പോള്‍ നമ്മുടെ പാര്‍പ്പിടങ്ങള്‍ക്ക് സംഭവിക്കുന്നത്
മനുഷ്യനിര്‍മിതവും പ്രകൃതിനിര്‍മിതവുമായ സംഗതികള്‍ ജീവിതത്തെ മാറ്റിമറിയ്ക്കുമ്പോള്‍ പാര്‍പ്പിടങ്ങള്‍ക്ക് മാത്രമായി മാറി നില്‍ക്കാനാവുമോ?
സുനില്‍ കുമാര്‍ . വി (ഫൗണ്ടർ&മാനേജിങ് ഡയറക്ടർ, അസറ്റ് ഹോംസ്)
ആപ്പുകള്‍ മുതല്‍ കോവിഡ് വരെയുള്ള മനുഷ്യനിര്‍മിതവും പ്രകൃതിനിര്‍മിതവുമായ സംഗതികള്‍ ജീവിതത്തെ മാറ്റിമറിയ്ക്കുമ്പോള്‍ പാര്‍പ്പിടങ്ങള്‍ക്ക് മാത്രമായി മാറി നില്‍ക്കാനാവുമോ?
2005-ലാണ് ലോകം ഒരു പരപ്പനങ്ങാടി [The World is Flat] എന്ന് അര്‍ത്ഥം വരുന്ന പേരോടെ ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ തോമസ് ഫ്രീഡ്മാന്റെ പുസ്തകം വരുന്നത്. ആരോ കുഴച്ചു വെച്ചൊരു ചപ്പാത്തി മാവുരുള പോലിരുന്ന ലോകത്തെ ബെര്‍ലിന്‍ മതിലിന്റെ പതനം, വേള്‍ഡ് വൈഡ് വെബ് അഥവാ ഇന്റര്‍നെറ്റ്, അപ്‌ലോഡിംഗ്, ഔട്ട്‌സോഴ്‌സിംഗ് എന്നിങ്ങനെയുള്ള പത്ത് നിലംതല്ലികള്‍ ചേര്‍ന്ന് പരത്തിയെന്നാണ് ഫ്രീഡ്മാന്‍ ആ പുസ്തകത്തില്‍ പറയുന്നത്. ഡിസ്‌റപ്ഷന്‍ അഥവാ യഥാര്‍ത്ഥ പൊളിച്ചടുക്കല്‍.
2005-ല്‍ നിന്ന് 2021-ല്‍ എത്തിയപ്പോള്‍ ആ ഡിസ്‌റപ്ഷന്‍ കുറേക്കൂടി പൂര്‍ണമാണ്. ഷോപ്പിംഗ്, യാത്ര, ഫുഡ് ഡെലിവറി, സിനിമ കാണല്‍, ഫോട്ടോ പിടിയ്ക്കല്‍, വിഡിയോ എടുക്കല്‍, വാര്‍ത്തയും പുസ്തകവും വായിക്കല്‍, ടാക്‌സി വിളിക്കല്‍… എണ്ണിയാലൊടുങ്ങാത്ത ആപ്പുകള്‍ വന്ന് ഇവയെയെല്ലാം എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. അങ്ങനെ ഇനിയൊന്നും മാറാനില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴോ, എല്ലാത്തിനേയും വിഴുങ്ങുന്ന വന്‍മാറ്റമായി കോവിഡും വന്നു. മാറ്റത്തിന്റെ ഈ കൊടുങ്കാറ്റുകള്‍ വന്നിട്ടും മനുഷ്യന്റെ പാര്‍പ്പിടങ്ങള്‍ മാറാത്തതെന്ത് എന്ന് ചിലരെങ്കിലും ചോദിയ്ക്കുന്നതു കേട്ടിട്ടുണ്ട്. പരിസ്ഥിതി കണക്കിലെടുക്കുന്ന നിര്‍മാണ രീതികള്‍ വന്നു, ഊര്‍ജം പാഴാക്കാത്ത സംവിധാനങ്ങള്‍ വന്നു, ബില്‍ഡിംഗ് മെറ്റീരിയലുകളിലും കാലക്രമേണ മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ അടിസ്ഥാനപരമായി പാര്‍പ്പിടങ്ങള്‍ മാറിയില്ലല്ലോ എന്നാണ് അവരുടെ ചോദ്യം. ഇവര്‍ക്കുള്ള ഉത്തരം പറഞ്ഞറിയിക്കേണ്ടതല്ല, കണ്ടെങ്കിലും അറിയേണ്ടതാണ്. ഒരു മരം വീഴുമ്പോള്‍ ശബ്ദമുണ്ടാകുന്നു, ഒരു കാട് വളരുന്നതെത്ര മൂകം എന്ന് കവി പാടിയതുപോലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ ചെറിയ തട്ടലുകളും മുട്ടലുകളും മാത്രം കേള്‍പ്പിച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ വലിയൊരു നിശബ്ദ വിപ്ലവത്തിനാണ് പാര്‍പ്പിട മേഖല ഇന്ന് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ലൈഫ് സൈക്ക്ള്‍ അഥവാ ജീവിതത്തിന്റെ വിവിധ അവസ്ഥകള്‍
ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാലായാണ് ജീവിതചക്രത്തിന്റെ അവസ്ഥകളെ പൗരാണിക ഭാരതീയത വേര്‍തിരിച്ചത്. കാലം മാറി എന്നതു ശരി തന്നെ. എങ്കിലും ചെറിയ മാറ്റങ്ങളോടെ പുതുകാല ജീവിതത്തിന്റെ വിവിധ അവസ്ഥകളേയും നാലായിത്തന്നെ നമുക്ക് നോക്കിക്കാണാനാകും. അതെ, ആധുനിക ലൈഫ് സൈക്കിളിനെ നമുക്ക് വേണമെങ്കില്‍ ഡ്രീമര്‍, അസ്പൈററര്‍, അച്ചീവര്‍, സെല്‍ഫ്-ആക്ച്വലൈസര്‍ എന്നിങ്ങനെ നാലായി തിരിയ്ക്കാം.
ഡ്രീമേഴ്‌സ് – 20-30 പ്രായമുള്ളവര്‍ – ഭാവിയെപ്പറ്റിയുള്ള സ്വ്പനങ്ങള്‍ കാണുന്ന വിദ്യാര്‍ത്ഥികളും പുതുതായി ജോലിയില്‍ പ്രവേശിച്ചവരുമുള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍
അസ്‌പൈറേഴ്‌സ് – 30-40 പ്രായമുള്ളവര്‍ – ജീവിതവിജയത്തിലേയ്ക്കുള്ള ആദ്യകാല്‍വെപ്പ് നടത്തിയവര്‍, പുതുതായി കുടുംബജീവിതം ആരംഭിച്ചവര്‍
അച്ചീവേഴ്‌സ് – 40-60 പ്രായമുള്ളവര്‍ – വിവിധ മേഖലകളില്‍ ജീവിതവിജയം കൈവരിച്ചവര്‍
സെല്‍ഫ്-ആക്ചലൈസേഴ്‌സ് – 60-ന് മുകളില്‍ പ്രായമുള്ളവര്‍ – നേട്ടങ്ങളുടെ ശീതളച്ഛായയില്‍ പ്രശാന്തസുന്ദരമായി ജീവിതമാസ്വദിക്കുന്ന, ഹൃദയത്തില്‍ ചെറുപ്പമുള്ളവര്‍
ചുമ്മാ ഒന്ന് നിരീക്ഷിച്ചാല്‍ മതി – അവരുടെ ഭക്ഷണശീലങ്ങള്‍, വിനോദങ്ങള്‍, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ – എല്ലാം വ്യത്യസ്തമാണ്. വേറെ വെറെ കാറ്റഗറികളാണ്. പിന്നെ പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ മാത്രം പഴയ കമ്പാര്‍ട്ടുമെന്റുകള്‍ എങ്ങനെ നിലനില്‍ക്കും? ഇവിടെയാണ് ലൈഫ് സൈക്ക്ള്‍ പാര്‍പ്പിടങ്ങള്‍ കടന്നു വരുന്നത്. പഴയ കമ്പാര്‍ട്ടമെന്റുകള്‍ പോയി പുതിയ കമ്പാര്‍ട്ട്‌മെന്റുകള്‍ വരുന്നു എന്നല്ല കമ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സംതൃപ്തിയുടേയും നാളുകള്‍ കൊണ്ടുവരുന്നു എന്നതാണ് ഒരു ലൈഫ് സൈക്ക്ള്‍ ബില്‍ഡറുടെ പ്രസക്തി.
ലൈഫ് സൈക്ക്ള്‍ ബില്‍ഡര്‍ – പാര്‍പ്പിടങ്ങളുടെ അടിസ്ഥാനതലം മുതല്‍ മാറ്റങ്ങള്‍
അങ്ങനെ നോക്കുമ്പോള്‍ ഇപ്പറഞ്ഞ എല്ലാ ലൈഫ് സൈക്ക്‌ളുകളിലുംപെട്ടവര്‍ക്കുള്ള വിവിധ തരം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്ന ബില്‍ഡര്‍മാര്‍ അധികം ഇല്ലെന്നു തന്നെ പറയണം. അഥവാ മിക്കവാറും ബില്‍ഡര്‍മാരും ഇവയില്‍ ഏതെങ്കിലും ഒന്നോ പരമാവധി രണ്ടോ കാറ്റഗറികള്‍ക്കു വേണ്ടി മാത്രം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നവരാണ്. പേരില്‍ മാത്രമുള്ള ചെറിയ മാറ്റങ്ങളല്ല, രൂപകല്‍പ്പനാഘട്ടം മുതല്‍ പ്രതിഫലിക്കുന്ന വലിയ മാറ്റങ്ങളാണ് ഒരു യഥാര്‍ത്ഥ ലൈഫ് സൈക്ക്ള്‍ ബില്‍ഡറെ വ്യത്യസ്തമാക്കുന്നതെന്നു ചുരുക്കം. അങ്ങനെയാണ് യാഥാര്‍ത്ഥ്യങ്ങളിലൂന്നി രൂപപ്പെട്ടു വരുന്ന പുതിയ വിപണിയുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കൊത്ത് പാര്‍പ്പിടങ്ങളും മാറാന്‍ തുടങ്ങുന്നത്. ലൈഫ് സൈക്ക്ളിന്റെ നാല് ഘട്ടങ്ങള്‍ക്കുമായി കോംപാക്റ്റ് ഭവനങ്ങള്‍, ഇടത്തരക്കാര്‍ക്കുള്ള സ്റ്റാന്‍ഡേഡ് അപ്പാര്‍ട്മെന്റുകള്‍, ലക്ഷ്വറി വീടുകള്‍, സീനിയര്‍ ലിവിംഗിനുള്ള അപ്പാര്‍ട്മെന്റുകളും വീടുകളും എന്നിങ്ങനെയുള്ള വിവിധ തരം പാര്‍പ്പിടങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ഒരു ബില്‍ഡറാണ് ലൈഫ് സൈക്ക്ള്‍ ബില്‍ഡറെന്ന് നാം തിരിച്ചറിയുന്നത് ഈ വഴിത്തിരിവില്‍ വെച്ചാണ്. ഇന്നത്തെ വിപണിയുടെ ആവശ്യങ്ങള്‍ മാത്രമല്ല, നാളത്തെ വിപണിയുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കുന്ന ഒരു കാഴ്ച്ചപ്പാട് എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അല്ലെങ്കില്‍ വിപണിയുടെ ദിശയെത്തന്നെ നിര്‍ണയിക്കുന്ന നിലപാടുകള്‍ മുന്നോട്ടു വെയ്ക്കുന്ന ഒരു ബില്‍ഡര്‍.
ഇക്കൂട്ടത്തില്‍ ഭാവിയില്‍ ഏറ്റവും വേഗത്തില്‍ വളരാന്‍ പോകുന്ന സണ്‍റൈസ് സെഗ്മെന്റുകളിലൊന്നായാണ് ഡ്രീമേഴ്‌സിനുള്ള കോംപാക്റ്റ് ഭവനങ്ങളുടെ വിഭാഗത്തെ നോക്കിക്കാണേണ്ടത്. അഫോഡബ്ള്‍ ഹൗസിംഗ് എന്നോ എന്‍ട്രി-ലെവല്‍ ഹൗസിംഗ് എന്നോ വിശേഷിപ്പിക്കാവുന്ന ഈ വിഭാഗത്തിന് ഒരാള്‍ അയാളുടെ ജീവിതത്തില്‍ ആദ്യമായി സ്വന്തമാക്കാന്‍ പോകുന്ന വീടെന്ന സവിശേഷതയുണ്ട്. ഒരു പക്ഷേ മാതാപിതാക്കളുടെ പിന്തുണയോടു കൂടിത്തന്നെയായിരിക്കും ഈ സ്റ്റുഡന്റ്/ബാച്ചിലര്‍ പാര്‍പ്പിടങ്ങള്‍ ഇവര്‍ സ്വന്തമാക്കിത്തുടങ്ങുന്നതും. പലപ്പോഴും വലിപ്പത്തില്‍ മാത്രമാണ് ചെറുതെന്നതും സൗകര്യങ്ങളുടേയും സംവിധാനങ്ങളുടേയും കാര്യത്തില്‍ ലക്ഷ്വറിയും മോഡേണുമാകും ഈ ഭവനങ്ങള്‍ എന്നതും ഓര്‍ക്കേണ്ടതാണ്. കോംപാക്റ്റ് ആയിരിക്കുമ്പോള്‍ത്തന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ മൈക്രോഹോമുകള്‍ വിദ്യാര്‍ത്ഥികളേയും എന്‍ട്രി-ലെവല്‍ ജോലികളില്‍ പ്രവേശിച്ചവരേയും പഠിക്കാനും ജോലി ചെയ്യാനുമായി നഗരങ്ങളിലെത്തുന്ന ചെറുപ്പക്കാരെയുമാണ് ലക്ഷ്യമിടേണ്ടത്. 2021 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ മില്ലെനിയല്‍സ് എന്താണ് ആഗ്രഹിക്കുന്നത് [What Millennials Want] എന്ന പുസ്തകത്തില്‍ വിവാന്‍ മര്‍ഹവ എന്ന ചെറുപ്പക്കാരന്‍ പറയുന്നത് പൊതുപ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മില്ലെനിയല്‍സ് അധികം പേരും പ്രേമവിവാഹങ്ങളേക്കാള്‍ മുന്‍തൂക്കം കൊടുക്കുന്നത് അറേഞ്ച്ഡ് വിവാഹങ്ങള്‍ക്കാണെന്നാണ്. വിവിധ കാരണങ്ങളാല്‍ അവര്‍ക്ക് പ്രേമത്തില്‍ വീഴാന്‍ സാധ്യമല്ലെന്ന്. ഈ ഒരു തിരിച്ചറിവ് അവര്‍ക്കുള്ള കോംപാക്റ്റ് പാര്‍പ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും പ്രതിഫലിക്കണം. അങ്ങനെ ചിന്തിച്ചാല്‍ നമുക്ക് എത്തിച്ചേരാവുന്ന ഒരുപാട് നിഗമനങ്ങളുണ്ട്: അവരുടെ ഫ്‌ളാറ്റ് എത്ര ചെറുതാണെങ്കിലും അത് ഫര്‍ണിഷ് ചെയ്യാനുള്ള മെനക്കേടൊന്നും അവര്‍ തലയിലേറ്റില്ല. അവരുടെ സെക്യൂരിറ്റിയും പ്രൈവസിയുമെല്ലാം മറ്റേതൊരു തലമുറയില്‍പ്പട്ടവരേക്കാളും അവര്‍ക്ക് പ്രധാനമായിരിക്കും… അങ്ങനെ ഒരുപാട് കാര്യങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഫ്‌ളാറ്റുകള്‍ നമ്മളവര്‍ക്ക് ഫുള്ളി ഫര്‍ണിഷ്ഡായി നല്‍കണം. അവ അതാത് ഉടമകളുടെ തംബ് ഇംപ്രഷനുകളിലൂടെ മാത്രം തുറന്ന് പ്രവേശിക്കാന്‍ കഴിയുന്നവയുമാകണം.
ഈ ജനറേഷന്റെ തുടര്‍ച്ചയായാണ് ജീവിതവിജയത്തിലേയ്ക്കുള്ള ആദ്യകാല്‍വെപ്പ് നടത്തിയവര്‍ക്കുള്ള അഫോഡബ്ള്‍ ഹൗസിംഗിനെ കാണേണ്ടത്. ഡിങ്കന്മാരെന്ന് ചുരുക്കി വിളിക്കാവുന്ന ഡബ്ള്‍ ഇന്‍കം നോ കിഡ്‌സൊക്കെ ഔട്ട് ഓഫ് ഫാഷനായി. 30-40 ബ്രാക്കറ്റില്‍പ്പെട്ട ഇക്കാലത്തെ അസ്‌പൈറേഴ്‌സിന് കുറച്ചു കൂടി യാഥാര്‍ത്ഥ്യബോധവും പ്രായോഗികബുദ്ധിയുമുണ്ട്. ഒരു കാറുള്ളതുകൊണ്ട് അവര്‍ നഗരങ്ങളുടെ ഭ്രാന്തപ്രദേശങ്ങളില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേയ്ക്ക് ചേക്കാറാനും (ദിവസേന അവിടങ്ങളില്‍ നിന്ന് വരാനും) റെഡി. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്കായി സബര്‍ബന്‍ മേഖലകളില്‍ കുറഞ്ഞ വിലയിലുള്ള 2-3 ബെഡ്റൂം അപ്പാര്‍ട്‌മെന്റുകളുടെ പദ്ധതി ഓഫര്‍ ചെയ്യാനില്ലാത്ത ഒരു ബില്‍ഡര്‍ ഒരു ലൈഫ് സൈക്ക്ള്‍ ബില്‍ഡര്‍ ആവുകയില്ല. ഇത്തരം വീടുകളുടെ അഫോഡബിലിറ്റി പ്ലാനിംഗിലും നിര്‍മാണത്തിലും മാത്രമല്ല മെയിന്റനന്‍സിലെ കുഞ്ഞുകാര്യങ്ങളില്‍ മുതല്‍ ജിഎസ്ടി പോലുള്ള സ്റ്റാറ്റിയൂട്ടറി പേയ്മെന്റുകളുടെ കാര്യങ്ങളില്‍ വരെ പ്രതിഫലിക്കണം.. അങ്ങനെ എല്ലാ തലങ്ങളിലും അഫോഡബിലിറ്റി കൊണ്ടുവരുന്ന പദ്ധതികളാകണം ഇവ.
ആഡംബര ഭവനങ്ങളുടെ കാര്യത്തില്‍ – അതിനി വില്ലകളായാലും ഒരു നില മുഴുവന്‍ ഒരാളുടെ മാത്രം ഫ്‌ളാറ്റാകുന്ന അപ്പാര്‍ട്‌മെന്റ് പദ്ധതികളായാലും – ഭാഗ്യവശാല്‍ കേരളത്തിലെ ബില്‍ഡര്‍മാര്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ അവിടെയും വാല്യു അഡിഷന്റെ തിളങ്ങുന്ന മാതൃകകള്‍ അപൂര്‍വം. ഉദാഹരണത്തിന് ബില്‍ഡിംഗിലേയ്ക്ക് പരമാവധി ഏറ്റവും കുറവ് ചൂടു മാത്രം ആഗിരണം ചെയ്യുന്നതും എസി ബില്ല് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതുമായ ഇറക്കുമതി ചെയ്ത, കൂടുതല്‍ കട്ടിയുള്ള പ്യുവര്‍ ക്ലേ ക്ലാഡിംഗ് ടൈലുകള്‍ കൊണ്ട് പൊതിഞ്ഞ ഒരു സൂപ്പര്‍ ലക്ഷ്വറി ഫ്‌ളാറ്റ്! പരിസ്ഥിതി സൗഹാര്‍ദത്തിന്റെ ചേര്‍ത്തുപിടിയ്ക്കല്‍ എന്നു വിളിയ്ക്കാവുന്ന ഇത്തരം ഫിനിഷിംഗുകളാണ് കെട്ട ഇടങ്ങളായി പോയേക്കാവുന്ന പല കെട്ടിടങ്ങളേയും കെട്ടിയ ഇടങ്ങളായി ഉയര്‍ത്തുന്നത്.
ലൈഫ് സൈക്ക്‌ളിലെ അടുത്ത വിഭാഗമായ സീനിയര്‍ ലിവിംഗിനുള്ള പാര്‍പ്പിടങ്ങളും ഒരു ബില്‍ഡറില്‍ നിന്ന് ഇതുപോലെയോ ഇതിലുമേറെയോ ശ്രദ്ധയും സമര്‍പ്പണവും ആവശ്യപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരത്തില്‍ വന്നു കഴിഞ്ഞ ഈ വിഭാഗത്തില്‍പ്പെട്ട പാര്‍പ്പിടങ്ങള്‍ക്ക് കേരളത്തിലും ഏറെ പ്രസക്തിയുണ്ട്. ഒന്ന്, നമ്മുടെ മികച്ച ആരോഗ്യനിലവാരം മൂലം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇവിടുത്തെ ആളുകളുടെ ശരാശരി ആയുസ്സ്. രണ്ട്, ജോലി ചെയ്യുന്ന പ്രായത്തില്‍ മികച്ച പ്രൊഫഷണലുകളും മറ്റുമായി വിദേശത്ത് ജീവിതം ചെലവഴിയ്‌ക്കേണ്ടി വരുമ്പോള്‍ നാട്ടില്‍ തനിച്ചായി പോകുന്ന അവരുടെ മാതാപിതാക്കള്‍. ഇതു കണക്കിലെടുത്ത് ഇവിടെ ആവശ്യക്കാരേറാന്‍ പോകുന്ന സീനിയര്‍ ലിവിംഗില്‍ പക്ഷേ നിര്‍മാണവും ഹാന്‍ഡിംഗ് ഓവറും പോലെ തന്നെ പ്രാധാന്യമുള്ളതാണ് മെയിന്റനന്‍സും. എന്‍ജിനീയറിംഗ് മെയിന്റനന്‍സ് മാത്രമല്ല താമസക്കാരുടെ ഭക്ഷണം, ലോണ്ട്രി, മറ്റ് ദൈനംദിന ജീവിത സൗകര്യങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെട്ടതാണിത്.
ചുരുക്കിപ്പറഞ്ഞാല്‍ ലൈഫ് സൈക്ക്ള്‍ ബില്‍ഡിംഗുകളില്‍ സൂപ്പര്‍ ലക്ഷ്വറിയിലേയ്ക്ക് പ്രവേശിച്ചവര്‍ക്കുള്ള പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരമായിക്കഴിഞ്ഞിട്ടുണ്ട് എന്നതു ശരി തന്നെ. എന്നാല്‍ സ്വന്തം കാലില്‍ നിന്നു തുടങ്ങുന്ന വ്യക്തിജീവിതത്തിന്റെ തുടക്കം മുതലുള്ളതും കേരളത്തിന് ഏറെ പരിചയമില്ലാത്തതുമായ സ്റ്റുഡന്റ് ലിവിംഗും അഫോഡബ്ള്‍ ലിവിംഗും മുതല്‍ വ്യക്തിത്വ ആവിഷ്‌കാരത്തിന് ഏറെ പ്രാധാന്യമുള്ളതും നിര്‍ഭാഗ്യവശാല്‍ ഏറെ അവഗണിക്കപ്പെടുന്നതുമായ സീനിയര്‍ ലിവിംഗ് വരെയുള്ള വിഭാഗങ്ങള്‍ക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നും പിന്തുണ ലഭ്യമാക്കുമ്പോള്‍ മാത്രമാണ് ലോകപ്രസിദ്ധമായ കേരളാ മോഡലിനോട് നീതി പുലര്‍ത്തി എന്ന് നമുക്ക് പറയാന്‍ സാധിക്കുകയുള്ളു.
നമ്മുടെ പാര്‍പ്പിടങ്ങളുടെ മൈക്രോ ലെവല്‍ മാറ്റങ്ങള്‍ ദൈനംദിനമെന്നോണം മെച്ചപ്പെട്ടു വരുന്നു. അകലെയിരുന്നും മൊബൈല്‍ ഫോണിലൂടെയും നമുക്ക് നമ്മുടെ വീട് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നു ഫസ്സി ലോജിക്, എഐ, വിര്‍ തുടങ്ങിയ സാങ്കേതികവിദ്യകളുടെ വരവോടെ നമ്മുടെ വീട് പൂര്‍ണ തോതില്‍ സ്മാര്‍ട് ഒരു ഹോമാകുന്നു. എന്നാല്‍ ആ വീടിനും ഒരു ഹൃദയമുണ്ടെന്ന കാര്യം മറക്കരുത്. ആ വീട്ടില്‍ താമസിയ്ക്കാന്‍ പോകുന്നത് പല തരക്കാരാണ്. പല പ്രായക്കാരാണ്. അവരുടെ ആവശ്യങ്ങളും – മാനസികമായ ആവശ്യങ്ങളും ശാരീരികമായ ആവശ്യങ്ങളും – പല തരത്തില്‍പ്പെട്ടതായിരിക്കും. ലൈഫ് സൈക്ക്ള്‍ ബില്‍ഡിംഗിലൂടെ മാത്രമാകും സൂക്ഷ്മവും സങ്കീര്‍ണവും വിശദവുമായ ഈ വൈവിധ്യത്തെ നമുക്ക് അഭിസംബോധന ചെയ്യാന്‍ സാധിക്കുക. മാറിയ ലോകത്ത് ഗ്രീന്‍ ബില്‍ഡിംഗ് സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രാധാന്യമേറുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. കാലതാമസമില്ലാത്ത നിര്‍മാണരീതികള്‍ മുതല്‍ കൂടുതല്‍ സുരക്ഷിതവുമായ പാര്‍പ്പിടങ്ങള്‍ വരെയുള്ള ആവശ്യങ്ങള്‍ക്കായി ഷിയര്‍ വോള്‍ (sheer wall) ടെക്‌നോളജി മുതല്‍ പ്രീ ഫാബ് വരെയുള്ള മാറ്റങ്ങള്‍ക്കും നമുക്ക് കാതോര്‍ക്കണം. സസ്‌റ്റെയ്‌നബ്ള്‍ അല്ലാത്ത ലക്ഷ്വറി ഗ്രീഡ് മാത്രമാണെന്നും നാം തിരിച്ചറിയണം. നീഡ്-ബേസ്ഡ് ലക്ഷ്വറിയാകട്ടെ ആ വിഭാഗത്തിലെ നമ്മുടെ അളവുകോല്‍.
ഒരു കാര്യം കൂടി പറയാതെ വയ്യ. അടുത്ത കാലം വരെ നിങ്ങളുടെ വീടിന്റെ ലൊക്കേഷന്‍ ഒരു പ്രധാന ഘടകമായിരുന്നു. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. പക്ഷേ അതിലൊരു കാതലായ മാറ്റം വരികയാണ്. അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും കൂടുതല്‍ ജനാധിപത്യപരമാകുമ്പോള്‍ ഓരോ വീടും ചേക്കാറാനൊരു ചില്ലയാകും.
ഇതിന്റെ മറ്റൊരു വശമാണ് ഇനി വരാന്‍ പോകുന്ന ഇന്റഗ്രേറ്റഡ് ലിവിംഗ് എന്ന വലിയ മാറ്റം. 50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ഫ്‌ളാറ്റ് സമുച്ചയം സങ്കല്‍പ്പിക്കുക. നിങ്ങളുടെ 3000 ച അടിയുടെ ഫ്‌ളാറ്റും 13 ലക്ഷം ച അടിയുള്ള ഷോപ്പിംഗ് മാളും 17 സ്‌ക്രീനുള്ള മള്‍ട്ടിപ്ലെക്‌സും ഒരു ലക്ഷം ച അടിയുള്ള ഫുഡ്‌കോര്‍ട്ടും ആശുപത്രിയും ഓഫീസുകളും കളിസ്ഥലങ്ങളുമെല്ലാമുള്ള ഒരു ചെറിയ ടൗണിനെ ഉള്ളിലൊതുക്കുന്ന വമ്പന്‍ സമുച്ചയം. വര്‍ക്ക് ഫ്രം ഹോമല്ല, വാക്ക് ഫ്രം ഹോം ആയിരിക്കും ഇത്തരം സമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും വിലക്കയറ്റത്തെക്കുറിച്ച് വിലപിക്കുകയല്ല, അത്തരം ഫോസില്‍ ഫ്യൂവലുകള്‍ കുറച്ചു മാത്രം ഉപയോഗിക്കുന്നതിലൂടെ അമ്മയായ ഭൂമിയെ മനസ്സുകൊണ്ട് ചേര്‍ത്തു പിടിച്ചുകൊണ്ട് 500 മീറ്റര്‍ അപ്പുറത്തുള്ള ഓഫീസിലേയ്ക്ക് നടന്നു ചെന്ന് ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു നാളെയിലേയ്ക്കാണ് നമ്മള്‍ മുന്നോട്ടു പോകുന്നത് എന്നു പ്രതീക്ഷിക്കുമ്പോള്‍ വെല്ലുവിളിയുടെ ഈ കാലത്തിനും എന്തൊരു ചന്തം.
Content Highlights: property expo 2021, kerala property expo, new home designs, home designs kerala